· ഉത്സവം ·

ഉത്സവം

ഈ ക്ഷേത്രത്തിലെ മഹോത്സവം കുഭമാസത്തിലെ ഭരണിനാളില്‍ കൊടികയറി തിരുവോണത്തിന്റാട്ടോടുകൂടി അവസാനിക്കുന്നു. 21 ദിവസത്തെ മഹോത്സവം നാട്ടുകാരും ക്ഷേത്രയോഗാംഗങ്ങളും ഒരുമിച്ച് ഭക്തി ശ്രദ്ധാപുരസ്സരം കൊണ്ടാടുന്നു. പ്രസാദശുദ്ധി നടത്തിയതിന് ശേഷം പിറ്റേ ദിവസം ഉഷസ്സിന് മഹാഗണപതി ഹോമവും ശുഭമുഹുര്‍ത്തത്തില്‍ കൊടികയറി ഉത്സവം ആരംഭിക്കുന്നു. നിത്യവും ഭക്തജനങ്ങളുടെ വഴിപാടായി കുംഭകുടവും താലപ്പൊലിയും നടത്തുന്ന പതിവുണ്ട്. കുംഭകുടത്തില്‍ എണ്ണ, നെയ്യ്, തേന്‍ ,മഞ്ഞള്‍പ്പൊടി, കുങ്കുമം മുതലായ നിറച്ച് കുടങ്ങള്‍ പൂജകഴിച്ച് കൊണ്ട് വന്ന് വെല്ലുപ്പിന് 5 മണിയ്ക്ക് അഭിഷേകം ചെയ്യുന്നു. രാത്രി 10 മണിയോടുകൂടി സ്ത്രീ ജനങ്ങള്‍ താലപ്പൊലി നടത്തുന്നു. താലമേന്തിയ സ്ത്രീ ജനങ്ങള്‍ അണിയണിയായി ഇവിടെ എത്തി നടയില്‍ താലം പൊലിയ്ക്കുന്ന കാഴ്ച്ച ഭക്തിദ്യോതകമായ ഒരു സവിശേഷതയാണ്. 1000താലങ്ങളോളം പല സ്ഥലങ്ങളിലായി എഴുന്നുള്ളിച്ച് ത്യസ്സന്നിധാനത്തിലെത്തുന്നു.

12,13,14 ഈ ദിവസങ്ങളില്‍ സര്‍പ്പദൈവങ്ങള്‍ ക്ക് പഞ്ജവര്‍ണ്ണപൊടികളാല്‍ കമനീയമായ കളമിട്ട് (സര്‍പ്പാക്രിതിയില്‍ ) പുള്ളുവര്‍ പാട്ട് പാടി പുക്ഴത്തുന്നു.

വ്രതാനുഷ്ഠാനമുള്ള കുട്ടികളെ ഇരുത്തി പാടുമ്പോള്‍ സര്‍പ്പസാന്നിദ്ധ്യങ്ങള്‍ കുട്ടികളില്‍ ആവേശിച്ച് ന്യത്തമാടി ഭക്തജനങ്ങളെ അനുഗ്രഹിക്കുന്ന കാഴ്ച്ച കാണേണ്ടതു തന്നെ. 14-ം ദിവസം ഭഗവതിയ്ക്ക് ഉച്ച പൂജയ്ക്ക് പട്ടും താലിയും പുതുക്കിചാര്‍ത്തുന്ന പതിവുണ്ട്. അതോടൊപ്പം വിശേഷാല്‍ പൂജകളും നടക്കും .16-ം ദിവസം ഗണകസമുദായാഗംങ്ങള്‍ ധര്‍മ്മശസ്താവിന്റെ കളമിട്ട് ഉടുക്ക് കൊട്ടിപാട്ട് തുടങ്ങുന്നു. 5ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങാണിത്. ശസ്ത്രാപ്രീതകരമായ ചടങ്ങാണിത്.

ചിക്കര വഴിപാട്

21 ദിവസം ഭജനവഴിപാട് നടക്കും .പെണ്‍കുട്ടികള്‍ക്ക് പ്രധാന്യമുള്ള വഴിപാടാണിത്. സ്ത്രീകള്‍ഗര്‍ഭകാലത്തു നേരുന്ന വഴിപാടാണിത്. സന്താനമില്ലാത്തവര്‍ക്ക് സന്താനമുണ്ടാകാനും സല്‍സന്താനലബ്ദ്ധിയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് ചിക്കര നടത്തുന്നു. ഭക്തജനങ്ങളുടെ വീടുകളില്‍ വാദ്യാേഘാഷങ്ങളോടു കൂടി ചെന്ന് ക്ഷണിച്ചു കൊണ്ടു വരുന്ന പതിവുണ്ടിതിന്. അതിന് ശാന്തി, വെളിച്ചപ്പാട്, കാലാക്കവാരിയര്‍ തുടങ്ങിയവരും ക്ഷണത്തിന് പുറപ്പെടുന്നു. ചെണ്ട ,തകില്‍ ,ചേങ്ങല ഈ വാദ്യങ്ങളും ഇതിന് ഉപയോഗിക്കുന്നു .

21 ദിവസങ്ങളിലും ഭഗവതിയുടെ രൂപക്കളമിട്ട് ഭഗവതിയുടെ ചരിത്രം പാടി ഭഗവതിപ്പാട്ട് നടത്തുന്നു. ഇതിന് നിയോഗിച്ചിട്ടുള്ള വെളിച്ചപ്പാടും പൂര്‍വ്വവര്‍ഗ്ഗക്കാരും ഈതിന് പങ്കാളികള്‍ ആവണം .ദീപാരാധനയ്ക്ക് ശേഷം നടത്തുന്ന സന്തോഷപ്രദമായ ഒരു കര്‍മ്മമാണിത് .

20, 21 ഉത്സവദിവസങ്ങളില്‍ "അരിക്കൂത്ത്'' എന്ന വഴിപാട് നടക്കുന്നു. കുട്ടികള്‍ക്കായി ചെയ്യുന്നതും ബാലാരിഷ്ടകള്‍ മാറുന്നതിനും രോഗശാന്തിയ്ക്കും വേണ്ടി നടത്തുന്നു.. അവസാനദിവസം വെടിക്കെട്ടനു ശേഷം വ്രതനുഷ്ഠാനസഹിതം കുളിച്ച് ഈറന്‍ തറ്റുടുത്ത് ക്ഷേത്രം വലം വെച്ച് വരുമ്പോള്‍ ശാന്തി ,ദീപം പകര്‍ന്നുകൊടുക്കുന്നു. ആ ദീപം പകര്‍ത്തി പകര്‍ത്തി മറ്റുള്ളവര്‍ കൈയ്യിലേന്തി ക്ഷേത്രത്തിന് ഓട്ടപ്രദക്ഷിണം ചെയ്തു തിരികള്‍ നടയില്‍ സമര്‍പ്പിക്കുന്നു. ധ്വജാരോഹണപൂര്‍വ്വം നടക്കുന്ന ഉത്സവമായതു കൊണ്ട് ആറാട്ടിന്റെ തലേ ദിവസം പള്ളിവേട്ടയും അതു കഴിഞ്ഞ് പള്ളിനിദ്രയും വിധി പൂര്‍വം നടത്തി അവസാനദിവസം മഹാകുരുതി നടത്തി തന്ത്രി കൊടിയിരക്കുന്നു. അതോടു കൂടി 21 ദിവസങ്ങളിലെ ഭക്തിനിര്‍ഭരമായ കണിച്ചുകുളങ്ങര ഭഗവതിയുടെ ഉത്സവം സമാപിക്കുന്നു.

കുരുതി നടത്തി കൊടിയിറക്കി നട അടയ്ക്കുന്നതോടെ ഉത്സവപരിപാടികള്‍ അവസാനിക്കുമെങ്കിലും 'ഏഴാം ' പൂജ എന്ന ചടങ്ങും ഇതൊടനുബന്ധിച്ചുള്ളതാണ് .കുരുതി കഴിഞ്ഞ് നട അടച്ചാല്‍ 7-ം ദിവസമേ തിരുനട തുറന്നു പൂജകള്‍ നടത്താരുണ്ടായിരുന്നുള്ളു .

ഉത്സവദിനം പോലെ പ്രധാന്യമുള്ള 7-ം ദിവസത്തെ പൂജ ഭക്തിനിര്‍ഭരമായി കൊണ്ടാടുന്നു. "പുഴുക്ക്" അഥവാ പൊങ്കാലയാണ് ഈ ദിവസത്തെ പ്രധാന വഴിപാടിനം . ശര്‍ക്കര ,പഴം തുടങ്ങിയ മധുരങ്ങള്‍ ചേര്‍ത്ത് അരിമാവ് കുഴച്ച് ആള്‍രൂപങ്ങളും അംഗപങ്ങളും ഉണ്ടാക്കി കലത്തിലിട്ട് തിരുമുറ്റത്ത് പുഴുങ്ങുന്ന ചടങ്ങാണ്. പണ്ട് "കലം കരി" എന്നറിയപ്പെട്ടിരുന്ന പുഴുക്ക് വഴിപാട്. രോഗശാന്തിയ്ക്കും അഭീഷ്ട സിദ്ധിയ്ക്കും പുകള്‍ പെറ്റതാണീ കര്‍മ്മം . പത്തേക്കറില്‍ കൂടുതല്‍ വരുന്ന തിരുമുറ്റവും തെരുവും,നിരയെ അടുപ്പുകള്‍ കൂട്ടി തിരുനടയില്‍ നിന്നും പകരുന്ന ദീപം അടുപ്പില്‍ക്കത്തിച്ച് നടത്തുന്ന "പുഴുക്ക് "പസിദ്ധമായ ആറ്റുകാലിലെ "പൊങ്കാല"യെ അനുസ്മരിപ്പിക്കുന്നു. ഏഴാം പൂജനാളിലെ പ്രധാന കാഴ്ച്ചയും ഈതുതന്നെ ,ഭക്തിസാന്ദ്രമായ തിരുമുറ്റത്ത് അനേകം അടുപ്പുകളില്‍ നിന്നുയരുന്ന തീ നാളങ്ങള്‍ , കൂരിരുട്ടിനെ കീരിമുറിച്ച് അന്തരീക്ഷത്തിലേക്കുയരുന്ന കാഴ്ച്ച അതിമനോഹരവും ആത്മനിര്‍വ്രിതികരവും ആണ്. ഈപ്പോള്‍ മറ്റു ദിവസങ്ങളിലും മറ്റ് വിശേഷദിവസങ്ങളിലും പുഴുക്ക് നടത്തി വരുന്നു.

ചിക്കര ,ദീപകാഴ്ച,അരിക്കൂത്ത്, പുഴുക്ക് തുടങ്ങിയ അപൂര്‍വ്വ വഴിപാടുകളും , ചടങ്ങുകളും നടക്കുന്ന കണിച്ചുകുളങ്ങര ക്ഷേത്രം കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ്. കച്ചില് കെട്ടിയുള്ള വേലതുള്ളല്‍ ,അന്നം ​ കുമ്പിടീയ്ക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ ഈപ്പോള്‍ നടക്കുന്നില്ല. മനോഹരമായ ഗരുഡന്‍ തൂക്കവും അതിവിപുലമായ വെടിക്കെട്ടും ഈവിടുത്തെ പ്രത്യേകതയാണ് . പ്രാചീനകാലം മുതല്‍ ആചാരനുഷ്ഠാനങ്ങളില്‍ പ്രത്യേകതകള്‍ നിലനിര്‍ത്തി വരുന്ന ഈ ക്ഷേത്രം നാടിനും നാട്ടാര്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ ചൊരിഞ്ഞ് കൊണ്ട് ആശ്രിതര്‍ക്ക് അഭയമരുളിക്കൊണ്ട്, കേരള്ത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായി വിലസുന്നു.